അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. അതിഷിയെ അറസ്റ്റ് ചെയ്യാനും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കെജ്‌രിവാള്‍ തുറന്നടിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഷിയെ കുടുക്കാന്‍ കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചന നടത്തുകയാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതിഷിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പദ്ധതികളായ മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും തടഞ്ഞുകൊണ്ട് ഡല്‍ഹിയിലെ കേന്ദ്ര ആരോഗ്യ-വനിതാ ശിശുവികസന വകുപ്പുകള്‍ പത്രക്കുറിപ്പിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.

കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഡല്‍ഹിയില്‍ ഒന്നും ചെയ്തിട്ടില്ല. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപി തടഞ്ഞുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ഏഴ് എംപിമാരും ലഫ്റ്റനന്റ് ഗവര്‍ണറും അടങ്ങുന്ന അര്‍ദ്ധ സര്‍ക്കാരാണ് ബിജെപിക്കുള്ളത്. ഈ 10 വര്‍ഷത്തിനിടയില്‍ അവര്‍ റോഡോ ആശുപത്രിയോ സ്‌കൂളോ കോളേജോ പണിതിട്ടില്ല. ക്രമസമാധാനമടക്കം അവര്‍ നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.