Photo: x.com/TimesAlgebraIND
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ബര്‍മാല്‍ ജില്ലയിലെ പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും കൂടിയേക്കാം. ലാമന്‍ ഉള്‍പ്പടെ ഏഴ് ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ഡിസംബര്‍ 24 ന് രാത്രി പാകിസ്താന്‍ ആക്രമണം നടത്തിയത്. ലാമനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
പാക് വിമാനങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക വൃത്തങ്ങള്‍ ആരോപിക്കുന്നുു. ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായി നശിപ്പിക്കപ്പെട്ടുവെന്നും വ്യോമാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ പ്രതികരിച്ചു. ഭൂമിയും പരമാധികാരവും സംരക്ഷിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
പാകിസ്താനിലെ ഗോത്രമേഖലയില്‍ നിന്ന് സൈനിക നടപടികളില്‍ കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാരാണ് വസീരിസ്താനിലെ അഭയര്‍ഥികള്‍. ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും താലിബാന്‍ കുറ്റപ്പെടുത്തി.
പാകിസ്താന്‍ ഔദ്യോഗികമായി വ്യോമാക്രമണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം.
