മാര്‍ക്കോ ചിത്രത്തിന്റെ പോസ്റ്റർ

മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും വയലന്‍സ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാര്‍ക്കോ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 20-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

‘മാര്‍ക്കോ-അഞ്ചുദിവസത്തില്‍ ലോകമെമ്പാടുനിന്നും 50 കോടി. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു.’ -ഇതാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചിത്രം 50 കോടി നേടിയതിന്റെ പ്രത്യേക പോസ്റ്ററും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചു.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാര്‍ക്കോ’ അഞ്ച് ഭാഷകളിലായാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് മാര്‍ക്കോ ജൂനിയര്‍. സ്വാഗ് കൊണ്ടും ലുക്ക് കൊണ്ടും നായകനെക്കാള്‍ നിറഞ്ഞുനിന്ന മാര്‍ക്കോയുടെ രണ്ടാം വരാവണോ ഇത് എന്ന് പലരും ചോദിക്കുന്നുണ്ട്. കഥാപാത്രത്തിനായി ഉണ്ണി ശാരീരികമായി ഏറെ പരിവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.

മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും വയലന്‍സുള്ള ചിത്രമായിരിക്കും ‘മാര്‍ക്കോ’ എന്ന് റിലീസിന് മുമ്പ് തന്നെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. കരിയറിലെ ഏറ്റവും ക്രൂരതയേറിയ കഥാപാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിച്ച ജഗദീഷ് പറഞ്ഞത്. തനിക്ക് തന്നെ പേടിയാവുന്നുണ്ടെന്നും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ക്രൂരതകളാണ് ഈ സിനിമയില്‍ ചെയ്യുന്നതെന്നും ജഗദീഷ് വാഴ സിനിമയുടെ റിലീസ് സമയത്ത് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ കണ്ടിട്ടുള്ള മുഴുവന്‍ കൊറിയന്‍ പടങ്ങളെക്കാള്‍ വയലന്‍സ് മാര്‍ക്കോയില്‍ ഉണ്ടെന്ന് സിനിമയുടെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പറയുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് മാര്‍ക്കോയ്ക്ക് നല്‍കിയത്.