ഷാജഹാൻ

തിരുവനന്തപുരം : വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഞ്ചംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്. പ്രതികളിലൊരാളെ വെട്ടൂർ സ്വദേശി ജാസിമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വർക്കല താഴെവെട്ടൂർ തൈക്കാവ് പള്ളി പരിസരത്ത് മദ്യപാനവും ലഹരി ഉപയോഗവും പാടില്ലെന്ന് ഷാജഹാനുൾപ്പെയുള്ളവർ വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ഷാജഹാനേയും ഒപ്പമുണ്ടായിരുന്ന റഹ്മാനേയും താഴെവെട്ടൂർ കടപ്പുറത്തിന് സമീപത്ത് വെച്ച് സംഘം ആക്രമിച്ചു. വാഹനം തടഞ്ഞുനിർത്തിയ പ്രതികൾ ചങ്ങല കൊണ്ട് ഇരുവരെയും അടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം ഇവരുടെ കൈവശം ഉണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷാജഹാനെയും റഹ്മാനെയും മർദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.