സന്ദീപ് വാര്യര്‍

പാലക്കാട്: ബി.ജെ.പിക്കുപോലും പറയാന്‍ പറ്റാത്ത വര്‍ഗീയ നിലപാടുകള്‍ സി.പി.എം പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇത്തരം നിലപാടുകള്‍ കൊണ്ട് ബി.ജെ.പിക്ക് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുകയാണ് സിപി.എം ചെയ്യുന്നതെന്നും ഇതാണ് സിപിഎം- ബി.ജെ.പി ബാന്ധവത്തിന്റെ അടിസ്ഥാനമെന്നും സന്ദീപ് ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്‍ സി.പി.എം വയനാട് ജില്ലാ സമ്മേളനത്തില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്.

‘തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നല്ലോ. ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതെങ്ങനെയാണ്? വര്‍ഗീയ പരാമര്‍ശങ്ങള്‍ സിപിഎം നേതാക്കള്‍ പറയുന്നു, ഇടതുപക്ഷം അതിനെ പ്രോത്സാഹിപ്പിക്കുന്നു, അത് ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം കേരളത്തില്‍ ഉണ്ടാക്കുന്നു. പാലക്കാട്ടെ പത്രപ്പരസ്യവിവാദത്തിലും വഖഫ് നിയമഭേദഗതിയിലും സിപിഎം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ സഹായകമായിട്ടുള്ളതാണ്.’ – സന്ദീപ് വാര്യര്‍ പറഞ്ഞു.

ലോക്സഭാതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പൂരം കലക്കാന്‍ ശ്രമിച്ചു എന്ന് അജിത്കുമാറിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെങ്കില്‍ സ്വാഭാവികമായിട്ട ആ പൂരം കലക്കലിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുകള്‍ സര്‍ക്കാറില്‍ ഇരിക്കുന്നവര്‍ കൂടിയാണെന്നും ബി.ജെ.പിക്ക് അനുകൂലമായി സര്‍ക്കാറില്‍ ഇരിക്കുന്നവര്‍ എന്തിന് ചിന്തിക്കണം എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്നായിരുന്നു എ.വിജയരാഘവന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

‘വയനാട്ടില്‍ നിന്ന് രണ്ടുപേര്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇവിടെനിന്ന് ഡല്‍ഹിക്കെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോള്‍ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങള്‍, തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ’ എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.