പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ഡിജിറ്റൽ അറസ്റ്റിലൂടെ പണംതട്ടുന്ന സംഭവത്തിൽ മലയാളികളായ പ്രതികൾ ഉപയോഗിക്കുന്നത് അതിഥിത്തൊഴിലാളികളുടെ സിംകാർഡും ബാങ്ക് അക്കൗണ്ടും. സമീപകാലത്ത് സംസ്ഥാനത്ത് മലയാളികൾ അറസ്റ്റിലായ ഡിജിറ്റൽ അറസ്റ്റ് കേസുകളിൽനിന്ന് പോലീസ് കണ്ടെത്തിയതാണിത്. കേരളത്തിൽ ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ വശത്താക്കി അവരെക്കൊണ്ട് അവരുടെ നാട്ടിൽനിന്ന് സിംകാർഡ് എടുപ്പിക്കും. അവിടത്തെ ബാങ്കുകളിൽ അക്കൗണ്ടും എടുപ്പിച്ചാണ് തട്ടിപ്പ്.

യഥാർഥ പ്രതികളിലേക്ക് അന്വേഷണം പോകാതിരിക്കാനുള്ള തന്ത്രമാണിത്. എന്നാൽ സിംകാർഡിന്റെയും അക്കൗണ്ടിന്റെയും ഉടമകളെ കണ്ടെത്തിക്കഴിഞ്ഞും അന്വേഷണം അവസാനിപ്പിക്കാതെ നടത്തിയ നീക്കങ്ങളിലാണ് അതിഥിത്തൊഴിലാളികൾ ഇരകളാക്കപ്പെടുകയായിരുന്നെന്ന് മനസ്സിലായത്.

കൃത്യമായ പരിശോധനകളൊന്നും നടത്താതെ കിട്ടുന്ന സിംകാർഡുകൾ തപാലിൽ വരുത്തിയശേഷം തൊഴിലാളിയോട് പ്രതികൾ അവ വാങ്ങും. പിന്നീട് തൊഴിലാളിയെകൊണ്ട് അവരുടെ നാട്ടിൽ വിളിപ്പിച്ച് അവിടെ ആരെക്കൊണ്ടെങ്കിലും ബാങ്ക് അക്കൗണ്ട് എടുപ്പിക്കും. കൃത്യമായ വിലാസം അക്കൗണ്ടിലും ഉണ്ടാകില്ല. താത്കാലിക വിലാസങ്ങളിൽ എടുക്കുന്ന ആധാർ കാർഡുകളാണ് ഇതിനും ഉപയോഗിക്കുന്നത്.

തിരുവല്ലയ്ക്കടുത്ത് കോയിപ്രം പോലീസിന്റെ അന്വേഷണത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ഡിജിറ്റൽ അറസ്റ്റ് പ്രതികളിൽനിന്നുള്ള വിവരങ്ങളിൽനിന്നാണ് അതിഥിത്തൊഴിലാളികളെ ഇരയാക്കുന്നത് പതിവാണെന്ന വിവരം കിട്ടിയത്. തടിയൂർ സ്വദേശിയെ വീഡിയോകോളിൽ വിളിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ, പാലക്കാട് ഒറ്റപ്പാലം കുളമുള്ളിൽ വീട്ടിൽ സൽമാനുൽ ഫാരീസ്(25), കോഴിക്കോട് കൊടുവള്ളി കൊല്ലാർകുടി കാട്ടുപൊയ്കയിൽ മുഹമ്മദ് ഷാഫി(30) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ ഒറ്റപ്പാലം വരോട് മുളയ്ക്കൽ വീട്ടിൽ മൊയ്തു സാഹിബ് (20) നേരത്തേ അറസ്റ്റിലായിരുന്നു.

വീഡിയോകോൾ വഴി ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതികിട്ടുമ്പോൾ പോലീസ് അന്വേഷണം സിംകാർഡ് വഴി അതിഥിത്തൊഴിലാളിയിൽ എത്തും തുടർന്ന് നടക്കുന്ന പരിശോധനയിലാണ് അക്കൗണ്ട് വിവരങ്ങൾ കിട്ടുക. തടിയൂരിൽനിന്ന് തട്ടിയ 37 ലക്ഷം രൂപ ഒരു അതിഥിത്തൊഴിലാളിയുടെ അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്. പക്ഷേ ഇതിൽനിന്ന് അഞ്ചുലക്ഷം വീതം വേറെ അക്കൗണ്ടുകളിലേക്ക് മാറ്റി. ഈ അക്കൗണ്ടുകളും മറ്റ് അതിഥിത്തൊഴിലാളികളുടേതായിരുന്നു. രണ്ടാമത്തെ അക്കൗണ്ടിൽനിന്ന് മലയാളികളായ പ്രതികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് യഥാർഥ പ്രതികൾ അറസ്റ്റിലായത്. വസ്തുതകൾ പരിശോധിച്ചശേഷം അതിഥിത്തൊഴിലാളികളെ മാപ്പുസാക്ഷികളാക്കുന്ന കാര്യവും പോലീസിന്റെ പരിഗണനയിലുണ്ട്.