മനു ഭാക്കർ

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്.12-അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടംപിടിച്ചില്ല. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ളതാണ് സെലക്ഷന്‍ കമ്മിറ്റി.

അതേ സമയം ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീൺ കുമാറും ഇടംപിടിച്ചിട്ടുണ്ട്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലമെഡൽ നേടുന്നത് ഹർമൻപ്രീത് സിങ്ങിന്റെ നായകത്വത്തിലായിരുന്നു. പാരീസില്‍ നടന്ന പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയ താരമാണ് പ്രവീണ്‍ കുമാര്‍. പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ടമെഡല്‍ നേടിയ മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം അപേക്ഷ അയച്ചിട്ടുണ്ടെന്നാണ് മനു ഭാക്കറിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ശുപാര്‍ശയില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്.

പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കർ. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്‌സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി. 2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്.ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തിയിരുന്നു.

പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്നു ഹർമൻപ്രീത് സിങ്. ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് വെങ്കലമെഡൽ പോരാട്ടത്തിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. അതോടെ ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ പാരീസിലും വെങ്കല മെഡലുമായി ഇന്ത്യന്‍ ഹോക്കി ടീം ചരിത്രം രചിച്ചിരുന്നു.1972-ന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നത്.