Photo: PTI

ന്യൂഡൽഹി : ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി പാർലമെന്റ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭക്കുള്ളിൽ പ്രതിഷേധം മുഴക്കിയതോടെ സഭ പിരിഞ്ഞു. വന്ദേമാതരം കഴിഞ്ഞതും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയായിരുന്നു.

അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ വീണ്ടും പാർലമെൻ്റ് സമുച്ചയത്തിലും പ്രതിഷേധമുയർത്തി. പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയിട്ടും ഇത് അവ​ഗണിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രവേശനകവാടങ്ങളിൽ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം.പിമാർക്ക് നിർദേശം നൽകിയിരുന്നു.

ഐ ആം അംബേദ്കർ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. വിജയ് ചൗക്കിൽ നിന്ന് പ്രതിഷേധമാർച്ചുമായാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിലേക്കെത്തിയത്. അമിത് ഷാ രാജിവെക്കണമെന്നും അംബേദ്കർ പരാമർശത്തിൽ മാപ്പ് പറയണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.

സംഘർഷങ്ങൾക്കിടെ പരിക്കേറ്റ് രണ്ട് ബി.ജെ.പി. എം.പിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി തള്ളിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ആക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ആരോപിച്ച് രാഹുൽ ​ഗാന്ധിക്കെതിരെ ഡൽഹി പോലീസിൽ പരാതിയും നൽകിയിരുന്നു. മല്ലികാർജുൻ ഖാർഗെയെ ബിജെപി എംപിമാർ ആക്രമിച്ചെന്ന് ചൂണ്ടികാട്ടി കോൺ​ഗ്രസും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബിആർ അംബേദ്കറുടെ പേര് ഉപയോ​ഗിക്കുന്നത് ഇപ്പോൾ ഫാഷനായി മാറിയെന്ന് അമിത് ഷായുടെ രാജ്യസഭ പരാമർശമാണ് പ്രതിഷേധത്തിന് വഴി തുറന്നത്. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ’ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. പകരം ദൈവത്തിൻ്റെ നാമം ഉപയോ​ഗിച്ചിരുന്നെങ്കിൽ സ്വർ​ഗത്തിൽ സ്ഥാനം ലഭിക്കുമായിരുന്നുവെന്നും ഷാ പറഞ്ഞിരുന്നു.

പ്രതിപക്ഷം വസ്‌തുതകൾ വളച്ചൊടിച്ചെന്നും വീഡിയോകളുടെ ചിലഭാ​ഗങ്ങൾ മാത്രം ഉപയോഗിച്ചെന്നും അമിത്ഷാ ആരോപിച്ചു. കോൺഗ്രസും തൃണമൂലും അമിത് ഷാക്കെതിരെ പ്രമേയം അവതരിപ്പിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. അംബേദ്കർ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി അക്രമം നടത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.