രാസവസ്തു കയറ്റിവന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടായ തീപ്പിടിത്തം
ജയ്പൂർ : ജയ്പൂരിൽ രാസവസ്തു കയറ്റിവന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ തീപ്പിടിത്തം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാൽപതോളം വാഹനങ്ങൾക്ക് തീപിടിച്ചതായാണ് വിവരം. ജയ്പൂർ- അജ്മീർ ഹൈവേയിലെ പെട്രോൾ പമ്പിനുമുന്നിൽ വെള്ളിയാഴ്ച രാവിലെ 5.30- ഓടെയായിരുന്നു സംഭവം.
രാസവസ്തു കയറ്റിവന്ന ട്രക്ക് മറ്റൊരു ട്രക്കുമായി ആദ്യം കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. പിന്നാലെവന്ന മറ്റുവാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയും തീപ്പിടിക്കുകയും ചെയ്തു. 20 അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സംതംഭിച്ചു. പരിക്കേറ്റവരെ ജയ്പുരിലെ സവായ് മാൻ സിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
