സി.ടി രവി, സി.ടി രവിയുടെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു| ഫോട്ടോ: PTI

ബെം​ഗളൂരു : കർണാടക നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ സി.ടി. രവി അറസ്റ്റിൽ. ചർച്ചക്കിടെ മോശം വാക്കുകൾ ഉപയോ​ഗിച്ച് തന്നെ അപമാനിച്ചെന്ന, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിലാണ് നടപടി.

ബെല​ഗാവിലെ സുവർണ വിധാന്‍ സൗധയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത രവിയെ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ ​ഘാനാപുർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജനപ്രതിനിധികൾക്കായുള്ള ബെം​ഗളൂരുവിലെ പ്രത്യേക കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈം​ഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

ബി.ജെ.പി പ്രവർത്തകർക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു സി.ടി. രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രവിയെ കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംഎൽസിമാർ പിന്നീട് സുവർണ വിധാന സൗധയിൽ പ്രതിഷേധ പ്രകടനവും നടത്തി. രവിയെ മർദിച്ചെന്നും ഇത് കോൺഗ്രസിന്റെ ​ഗുണ്ടാരീതിയാണെന്നും പ്രതിപക്ഷ നേതാവ് ആർ.ആശോക ആരോപിച്ചു.

അതിനിടെ, സി.ടി. രവിയുടെ ജന്മനാടായ ചിക്കമം​ഗളൂരുവിലെ വസതിയിലേക്ക് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ ബാരിക്കേഡുകൾ വെച്ചാണ് പോലീസ് തടഞ്ഞത്. ബെം​ഗളൂരുവിലും ബെല​ഗാവിലും പ്രതിഷേധങ്ങൾ നടന്നു. ആരോപണം സി.ടി രവി നിഷേധിച്ചെങ്കിലും വിഷയത്തില്‍ ഹെബ്ബാൾക്കർ ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്.