പോത്തിന്റെ ജഡം അഗ്നിരക്ഷാസേന കരയിൽ കയറ്റുന്നു, ഇൻസെറ്റിൽ മരിച്ച രാമകൃഷ്ണൻനായർ
ഇളമണ്ണൂർ(പത്തനംതിട്ട) : വീട്ടിൽ വളർത്തിയ പോത്ത് കഴുത്തിൽ കയർകുരുങ്ങി വയലിൽ വീണു ചത്തത് കണ്ട കർഷകനായ ഉടമ കുഴഞ്ഞുവീണു മരിച്ചു. മങ്ങാട് ഗണപതിവിലാസത്തിൽ രാമകൃഷ്ണൻനായർ(71) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് വീടിന് സമീപമുള്ള ഏലായിൽ കുഴഞ്ഞുവീണത്.
ഉടൻതന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ വളർത്തിയിരുന്ന നാല് പോത്തുകളിൽ ഒന്നാണ് ചത്തത്. പോത്തിനെ നാലുദിവസം മുൻപാണ് വാങ്ങിച്ചത്. രാമകൃഷ്ണൻനായരുടെ മകൻ ബിജു ഉച്ചയ്ക്ക് പോത്തുകൾക്ക് വെള്ളം നൽകുന്നതിന് വീടിന് സമീപത്തുള്ള ഏലായിലേക്ക് ചെന്നപ്പോഴാണ് കഴുത്തിൽ കെട്ടിയ കയർ കുരുങ്ങി പോത്ത് ഏലായിൽ നാലടി താഴ്ചയിലേക്ക് മറിഞ്ഞുവീണ് കിടക്കുന്നത് കണ്ടത്.
ഉടൻതന്നെ കരയ്ക്കുകയറ്റുന്നതിനായി അടൂരിൽനിന്നുള്ള അഗ്നിരക്ഷാ സംഘത്തെ വിളിച്ചു. ഇതിനൊപ്പം പോത്ത് ഏലായിൽ കയർകുരുങ്ങി വീണുകിടക്കുന്നുവെന്ന് വിളിച്ചുപറഞ്ഞു. ഇത് കേട്ടാണ് രാമകൃഷ്ണൻനായർ എത്തിയത്. ഇവിടെ എത്തിയപ്പോൾ പോത്ത് ചത്തുവെന്ന് കേട്ടപ്പോൾത്തന്നെ ഇദ്ദേഹം കുഴഞ്ഞുവീണു. അടൂരിൽനിന്ന് അഗ്നിരക്ഷാസംഘം എത്തി പോത്തിന്റെ ജഡം കരയ്ക്കുകയറ്റി.
വർഷങ്ങളായി മങ്ങാട് ഗണപതിക്ഷേത്രത്തിന് സമീപത്തായി വീടിനോടുചേർന്ന് കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു രാമകൃഷ്ണൻനായർ. മുൻപ് മങ്ങാട് ഗണപതി ക്ഷേത്രത്തിലെ കഴകം ജീവനക്കാരനുമായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: ബിന്ദു, ബിജു, സിന്ധു. മരുമക്കൾ: ശിവശങ്കരൻ നായർ, അമൃത, മോഹനകുമാർ. സംസ്‌കാരം പിന്നീട്.
