പിടിയിലായ ടി.പി. നബീല്‍ കമര്‍, കെ. വിഷ്ണു

മാനന്തവാടി : ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കോഴിക്കോട്ടുനിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കണിയാമ്പറ്റ സ്വദേശികളായ രണ്ടുയുവാക്കള്‍ അറസ്റ്റിലായിരുന്നു. പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മാനന്തവാടി-പുല്പള്ളി റോഡിലെ കൂടല്‍ക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്. പരിക്കേറ്റ മാതന്‍ മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.