എ.ആര്‍ റഹ്‌മാന്‍

ബ്ലെസ്സി-പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിനായി എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍നിന്ന് പുറത്ത്. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്‌സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ക്ക് ഇടംപിടിക്കാനായില്ല.

ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആട് ജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനില്‍ സ്‌കോര്‍ വിഭാഗത്തില്‍ ഫെഡി അല്‍വാറസ് സംവിധാനം ചെയ്ത എലിയന്‍ റോമുലസ് ഉള്‍പ്പെടെ 20 സിനിമകള്‍ ഇടംപിടിച്ചു. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടംപിടിച്ചത്.

86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13-ന് ആണ് അവസാനിച്ചത്.

അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു ബ്ലെസി-പൃഥിരാജ്-എ.ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുക്കിയ ചിത്രത്തിന് ലഭിച്ചത്. ഓസ്‌കര്‍ പ്രാഥമിക പട്ടികയിലും ഇടംപിടിച്ചതോടെ ആരാധകർ വലിയ പ്രതീക്ഷയിലുമായിരുന്നു.

ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കായി അയച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.