റൊണാള്‍ഡോ നസാരിയോ

ബ്രസീലിയ : ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്കെത്തുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം 48-കാരനായ റൊണാള്‍ഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

നിലവിലെ പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസിന്റെ കാലവധി 2026 വരെയാണ്. അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തുന്ന സിബിഎഫ് തിരഞ്ഞെടുപ്പിലാണ് റൊണാള്‍ഡോ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 1994,2002 ലോകകപ്പുകളില്‍ ബ്രസീലിന് ലോകകപ്പ് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റൊണാള്‍ഡോ.

‘CBF-ന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ എന്നെ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് കാര്യങ്ങങ്ങളുണ്ട്. ബ്രസീല്‍ ദേശീയ ടീമിന് എല്ലായ്പ്പോഴും ഉണ്ടായിരുന്നതും ഇന്ന് മറ്റാര്‍ക്കും ഇല്ലാത്തതുമായ പെരുമയും ബഹുമാനവും വീണ്ടെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ റൊണാള്‍ഡോ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബായ റയല്‍ വല്ലാഡോളിഡിലെ തന്റെ ഓഹരി വില്‍ക്കുമെന്നും റൊണാള്‍ഡോ വ്യക്തമാക്കുകയുണ്ടായി. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വത്തിന് ഇതൊരു തടസ്സമാകില്ലെന്നും ക്ലബ്ബിലെ ഓഹരി ഉടന്‍ വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബ്രസീലിയന്‍ ടീമായ ക്രുസാരിയോയെ ഈ വര്‍ഷം ആദ്യത്തില്‍ റൊണാള്‍ഡോ വിറ്റിരുന്നു.