പ്രതീകാത്മക ചിത്രം

ചങ്ങനാശ്ശേരി : ബാങ്കിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തട്ടിപ്പുകാര്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത ഡോക്ടറെ മോചിപ്പിച്ച് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. പോലീസ് എത്തി മോചിപ്പിക്കുന്നതിന് മുമ്പ് ഡോക്ടര്‍ അഞ്ചുലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് കൈമാറിയിരുന്നു.

ചൊവ്വാഴ്ചയാണ് സംഭവം. പെരുന്ന എസ്ബിഐ ബാങ്കില്‍ പരിഭ്രാന്തനായി എത്തിയ ഡോക്ടര്‍ അഞ്ച്ലക്ഷം രൂപയോളം വേറൊരു അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു. തുക ഒരു ഉത്തരേന്ത്യന്‍ അക്കൗണ്ടിലേക്കാണ് കൈമാറിയതെന്ന് ബാങ്കിന്റെ ഇന്റേണല്‍ സെക്യൂരിറ്റി സിസ്റ്റം മുന്നറിയിപ്പ്‌ നൽകിയതോടെ തട്ടിപ്പിന്റെ സാധ്യത പരിഗണിച്ച് ബാങ്ക് അധികൃതര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പോലീസ് ബാങ്കിലെത്തി ഡോക്ടറുടെ അഡ്രസ്സ് ശേഖരിച്ചു.

പെരുന്നയിലുള്ള ഡോക്ടറിന്റെ വീട്ടിലെത്തി പോലീസ് അദ്ദേഹത്തോട് സംസാരിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു മറുപടി. അഞ്ചു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത വിവരം തിരക്കിയപ്പോള്‍ സുഹൃത്തിന്‌ അയച്ചതാണെന്നും പറഞ്ഞു. എന്നാല്‍, മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ ഡോക്ടര്‍ക്ക് വീഡിയോ കോള്‍ വന്നതും മുംബൈ പോലീസ് എന്ന് പറഞ്ഞ സംഘം കൂടുതല്‍ പണം ആവശ്യപ്പെടുന്നതായും കണ്ടെത്തി. വീണ്ടും വീഡിയോകോള്‍ വന്നപ്പോള്‍ പോലീസാണ് എടുത്തത്. പോലീസ് യൂണിഫോം കണ്ടതോടെ തട്ടിപ്പുകാർ കോള്‍ വിച്ഛേദിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

പോലീസ് ഉടൻ ഡോക്ടറെയും കൂട്ടി ചങ്ങനാശ്ശേരി എസ്ബിഐ ബാങ്കിലെത്തി 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തട്ടിപ്പുകാര്‍ക്ക് പണം കൈമാറിയ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. 4,30,000 രൂപയാണ് ഡോക്ടറില്‍നിന്ന് ഇവർ തട്ടിയത്. തിരുവനന്തപുരം സൈബര്‍ ഓപ്പറേഷന്‍ ടീമിന്റെയും എസ്ബിഐ ബാങ്കിന്റെയും ചങ്ങനാശ്ശേരി പോലീസിന്റേയും സമയോചിതമായ ഇടപെടല്‍ മൂലം കൂടുതൽ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി. പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ ഉടനെ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.