മോഷണത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്
ബെംഗളൂരു : ശിവാജി നഗറിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ വൻ കവർച്ച. മലപ്പുറം സ്വദേശികളായ സഹോദരങ്ങളുടെ ‘വിശ്വാസ് കമ്യൂണിക്കേഷൻസ്’ എന്ന കടയിലാണ് മോഷണം നടന്നത്. 10 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും രണ്ടുലക്ഷം രൂപയുമാണ് കവർന്നത്.
55 മൊബൈൽ ഫോണുകൾ നഷ്ടമായെന്നാണ് കട ഉടമകൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ഐഫോണുകൾ ഉൾപ്പടെ ഇതിലുണ്ട്. വർഷങ്ങളായി ശിവാജി നഗറിലെ എം.കെ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കടയാണിത്. സമീപത്തെ മറ്റു സ്ഥാപനങ്ങളിലൊന്നും മോഷണം നടന്നിട്ടില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തൊപ്പിയും മാസ്കും ധരിച്ച രണ്ടുപേർ മോഷണം നടത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് ആരോപണം. പ്രതികളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ശിവാജിനഗർ പോലീസ് പറയുന്നത്.
