പ്രതീകാത്മക ചിത്രം

അമൃത്സര്‍ : പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബില്‍ തീവണ്ടികള്‍ തടഞ്ഞ് സമരംചെയ്യാന്‍ കര്‍ഷകര്‍. ഉച്ചക്ക് 12 മുതല്‍ മൂന്ന് മണി വരെയാണ് പ്രതിഷേധം. ഇതോടെ സംസ്ഥാനത്ത് പരക്കെ തീവണ്ടി ഗതാഗതം തടസപ്പെട്ടേക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ചേര്‍ന്ന് സംസ്ഥാനത്തെ 23 ജില്ലകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 2021-ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുക, കടം എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തുക, വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫബ്രുവരിമുതല്‍ സമരത്തിലാണ് പഞ്ചാബിലെ കര്‍ഷകര്‍. നേരത്തെ സുപ്രീംകോടതി നിയമിച്ച സമിതിയെ കാണാന്‍ കര്‍ഷകര്‍ വിസമ്മതിച്ചിരുന്നു. കര്‍ഷകരെ കാണാന്‍ സമിതി നിശ്ചയിച്ചെങ്കിലും അത് സാധ്യമാകില്ലെന്നറിയിച്ച് സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍മോര്‍ച്ച രാഷ്ട്രീയേതരവിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും കത്തുനല്‍കി.

കര്‍ഷകരെ കാണാനെത്താന്‍ സമിതി വൈകിയെന്ന കുറ്റപ്പെടുത്തലും കത്തിലുണ്ട്. ഡല്‍ഹി മാര്‍ച്ചിനുനേരേ പോലീസ് നടപടിയുണ്ടായപ്പോഴും താന്‍ നിരാഹാരം പ്രഖ്യാപിച്ചപ്പോഴുമൊന്നും സമിതി നടപടിയെടുത്തില്ലെന്ന് കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ കത്തില്‍ ആരോപിച്ചു. തന്റെ മരണത്തിന് സമിതി കാത്തിരിക്കുകയായിരുന്നോ എന്നും ദല്ലേവാള്‍ കത്തില്‍ ചോദിച്ചു. ഇനി കേന്ദ്രസര്‍ക്കാരുമായി മാത്രമേ ചര്‍ച്ചനടത്തുകയുള്ളൂവെന്നും കര്‍ഷകനേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, ഖനോരി അതിര്‍ത്തിയില്‍ ദല്ലേവാള്‍ നിരാഹാര സമരം തുടങ്ങിയിട്ട് 23 ദിവസം കഴിഞ്ഞു. ആരോഗ്യാവസ്ഥ മോശമാകുന്നതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത് അധികൃതര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍, വൈദ്യസഹായം വേണ്ടെന്ന നിലപാടിലാണ് ദല്ലേവാള്‍.