പ്രതീകാത്മക ചിത്രം

ലക്നൗ ∙ അധ്യാപകരുടെ ശുചിമുറിയിലെ ബൾബ് ഹോൾ‌ഡറിൽ ഒളിക്യാമറ സ്ഥാപിച്ച സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70 ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്‌കൂളിലാണു സംഭവം. അധ്യാപകർ ശുചിമുറിയിൽ കയറുന്നതന്റെ തത്സമയ ദൃശ്യങ്ങൾ തന്റെ കംപ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും ഡയറക്ടർ വീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാമറ കണ്ടെത്തിയ അധ്യാപകിയാണു പൊലീസിൽ വിവരമറിയിച്ചത്.

തിങ്കളാഴ്ച ശുചിമുറിയിലെ ബൾബ് ഹോൾഡറിൽ അസ്വാഭാവികമായ മങ്ങിയ വെളിച്ചം അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. ഉടനെ സ്‌കൂളിലെ സെക്യൂരിറ്റിയെ വിവരമറിയിച്ചു. അയാൾ ഇത് ക്യാമറയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അധ്യാപിക ഇക്കാര്യം സ്‌കൂൾ കോ-ഓർഡിനേറ്ററെയും അറിയിച്ചെങ്കിലും ഇരുവരും യാതൊരു ഇടപെടലും നടത്തിയില്ല.

അധ്യാപികയുടെ പരാതിയെ തുടർന്ന് നോയിഡ സെൻട്രൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) ശക്തി മോഹൻ അവസ്തി അന്വേഷണം ആരംഭിച്ച് കേസ് റജിസ്റ്റർ ചെയ്തു. ഒളിക്യാമറ പ്രവർത്തനക്ഷമമാണെന്നും ദൃശ്യങ്ങൾ റ‌ിക്കോർഡ് ചെയ്യാതെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചു. തുടർന്ന‌ു സ്കൂൾ ഡയറക്ടർ‌ നവനീഷ് സഹായിയെ അറസ്റ്റ് ചെയ്തു. 22,000 രൂപയ്‌ക്കു താൻ ഒളിക്യാമറ ഓൺലൈനിൽ വാങ്ങിയതായി സ്കൂൾ ഡയറക്ടർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നേരത്തേ സ്‌കൂളിലെ ശുചിമുറിയിൽനിന്ന് ഒളിക്യാമറ കണ്ടെത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.