വിസ്കോൻസിനിലെ മാഡിസനിൽ വെടിവയ്പ് നടന്ന സ്കൂൾ. (Photo by Andy Manis / GETTY IMAGES NORTH AMERICA / Getty Images via AFP)
വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലാണു സംഭവം. നാനൂറോളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സ്കൂളിലെത്തിയ വിദ്യാർഥിനി മണിക്കൂറുകൾ കഴിഞ്ഞാണ് തോക്ക് പുറത്തെടുത്തത്. തോക്ക് എവിടെനിന്ന് ലഭിച്ചെന്ന് വ്യക്തമല്ല. പെൺകുട്ടിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നതായി പൊലീസ് പറഞ്ഞു.
