ചന്ദ്രൻ

തൃശ്ശൂര്‍ : വാല്‍പ്പാറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രനാണ് (62) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആന താമസസ്ഥലത്തേക്ക് കയറി ആളുകളെ ഓടിച്ചത്. ആക്രമണത്തില്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

വാല്‍പ്പാറയ്ക്ക് സമീപമുള്ള ഗജമുടി എസ്റ്റേറ്റില്‍ രാത്രി ഒരുമണിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ആനകള്‍ ഓടിക്കയറുകയും തുടര്‍ന്ന് ആളുകള്‍ ചിതറിയോടുകയും ചെയ്തു. അങ്ങനെ ഓടുന്നതിനിടെയാണ് ചന്ദ്രനും മറ്റുള്ളവര്‍ക്കും പരിക്കേറ്റത്. ഉദയകുമാര്‍, കാര്‍ത്തികേശ്വരി, സരോജ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.

വിദഗ്ധചികിത്സക്കായാണ് ചന്ദ്രനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരികാവയങ്ങള്‍ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ ചൊവ്വഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.