പ്രതീകാത്മക ചിത്രം
റായ്പുര്‍ : മന്ത്രവാദത്തില്‍ വിശ്വസിച്ച് ഒരു യുവാവിന് സ്വന്തം ജീവന്‍ തന്നെ നഷ്ടമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കുട്ടികളുണ്ടാകാന്‍ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവിനാണ് ജീവൻ നഷ്ടമായത്. ആനന്ദ് കുമാര്‍ യാദവ് എന്ന 35-കാരനാണ് മന്ത്രവാദിയുടെ വാക്കുകേട്ട് സാഹസം കാണിച്ച് ജീവൻ നഷ്ടമായത്.
ചത്തീസ്ഗഢിൽ സുര്‍ഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ആനന്ദ് കുമാറിനും ഭാര്യയ്ക്കും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. പലവിധ ചികിത്സകൾ ചെയ്തിട്ടും ഫലംകാണാതെ വന്നതോടെയാണ് ഇയാൾ മന്ത്രവാദിയെ സമീപിച്ചത്. ഈ മന്ത്രവാദിയാണ് കുഞ്ഞുണ്ടാകാനുള്ള ഈ വിചിത്ര ‘ചികിത്സ’ നിർദേശിച്ചത്.
കുഞ്ഞുണ്ടാകാൻ കറുത്ത കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങാനായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. അന്ധവിശ്വാസിയായ ആനന്ദ് മന്ത്രവാദിയുടെ നിർദേശം അതേപടി അനുസരിക്കുകയായിരുന്നു. കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ഉടൻ ആനന്ദ് ഉടന്‍ ബോധരഹിതനായി നിലത്തുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കുഞ്ഞ് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസംകിട്ടാതെയായിരുന്നു ആനന്ദിന്റെ മരണം. കോഴിക്കുഞ്ഞ് ശ്വാസനാളത്തിനും അന്നനാളത്തിനുമിടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ആനന്ദ് നിരന്തരം മന്ത്രവാദികളെ കണ്ടിരുന്നതായി പ്രദേശവാസികളും കുടുംബവും പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
