കൊല്ലപ്പെട്ട രതീഷ്
തിരുവനന്തപുരം : കിളിമാനൂരിൽ ഡി.വൈ.എഫ്.ഐ. നേതാവ് രതീഷ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൻ മോഹന്റേതാണ് വിധി. പ്രതികൾക്കെതിരേയുള്ള ആരോപണം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കണ്ടെത്തിയാണ് കോടതിയുടെ ഉത്തരവ്.
പഴയകുന്നുേമ്മൽ അധീന ഭവനിൽ ഷഹൻഷാ എന്നു വിളിക്കുന്ന രാഹുൽ, വെള്ളല്ലൂർ സുജിഭവനത്തിൽ സുരാജ്(കുഞ്ഞുമോൻ), വെള്ളല്ലൂർ ജലജമന്ദിരത്തിൽ മോഹനൻ(തങ്കപുത്രൻ), അഞ്ചൽ ഇടമുളയ്ക്കൽ കാര്യാടൻ വീട്ടിൽ ബൈജു, ചൂണ്ടി ഈസ്റ്റ് ഇടതല നെടുവാങ്കൽ വീട്ടിൽ വിനോദ് എന്നിവരെയാണ് വിട്ടയച്ചത്.
2010 മേയ് ഏഴിന് രാത്രി ഒമ്പതരയ്ക്ക്, യാത്രക്കാരെ ഇറക്കിയ ശേഷം സ്വന്തം ഓട്ടോറിക്ഷയിൽ സ്റ്റാൻഡിലേക്കു മടങ്ങിവരികയായിരുന്ന രതീഷിനെ, കിളിമാനൂർ പോലീസ് സ്റ്റേഷനു സമീപത്തെ റോഡിൽ വെച്ച് മോട്ടോർസൈക്കിളിൽ കാത്തുനിന്ന പ്രതികൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രാണരക്ഷാർഥം തൊട്ടടുത്ത വയലിലെ ചതുപ്പിലേക്കു ചാടിയ രതീഷിനെ പിന്തുടർന്നും ആക്രമിച്ചു. പ്രതികൾക്കുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും കൃത്യം നടത്തിയ ശേഷം ആയുധങ്ങൾ ഒളിപ്പിച്ചെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഇരുട്ടത്തു നടത്തിയ ആക്രമണത്തിനിടെ പ്രതികൾക്കും പരിക്കുപറ്റിയിരുന്നു.
അവർ കോതമംഗലത്തെ ആശുപത്രിയിൽ വ്യാജ പേരിൽ ചികിത്സതേടിയെന്നും പോലീസ് ആരോപിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 151 സാക്ഷികളെ ഉൾപ്പെടുത്തി പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ 99 പേരെ കോടതിയിൽ വിസ്തരിച്ചു. കൃത്യം നടത്തിയെന്ന് ആരോപിക്കപ്പെട്ടവർക്കു പുറമേ, അവരെ ഒളിവിൽക്കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളൊന്നും പ്രതികൾക്കെതിരേയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
തുടർന്നാണ്, എല്ലാവരെയും വിട്ടയച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കുവേണ്ടി കൊല്ലത്തെ സീനിയർ ക്രിമിനൽ അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള, റബിൻ രവീന്ദ്രൻ, ആർ.ആശിഷ്, ആദർശ് ദ്വിതീപ്, ഗംഗ സന്തോഷ്, ആയൂർ ബിജുലാൽ എന്നിവർ ഹാജരായി.
