പ്രതീകാത്മക ചിത്രം | Photo: AP

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ (ONOP Bill) ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. മാധ്യമപ്രസ്താവനയിലൂടെയാണ് കേന്ദസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

നിര്‍ണായകമായ രണ്ട് ബില്ലുകളാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത് – ഭരണഘടന (129-ാം ഭേദഗതി) ബില്‍ 2024, കേന്ദ്രഭരണപ്രദേശ നിയമ (ഭേദഗതി) ബില്‍ എന്നിവയാണ് ലോക്‌സഭയിലെത്തുക.. ബില്ലുകളിലെ വോട്ടെടുപ്പ് സംബന്ധിച്ച് ലോക്‌സഭ എം.പിമാര്‍ക്ക് ത്രീ ലൈന്‍ വിപ്പ് നല്‍കിയിട്ടുണ്ട്.

ബില്ലവതരണത്തിനുശേഷം കുടുതല്‍ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് കൈമാറാന്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയോട് മേഘ്‌വാള്‍ ആവശ്യപ്പെടും. ലോക്‌സഭയിലെ എം.പിമാരുടെ എണ്ണം അടിസ്ഥാനമാക്കി വിവിധ പാര്‍ട്ടികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അംഗങ്ങളാകും സംയുക്തസമിതിയില്‍ ഉണ്ടാവുക. നിലവില്‍ സഭയില്‍ ഏറ്റവുമധികം എം.പിമാരുള്ളതിനാല്‍ സമിതിയുടെ അധ്യക്ഷനും ഏറ്റവുമധികം അംഗങ്ങളും ബി.ജെ.പിയില്‍ നിന്നായിരിക്കും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ലോക്‌സഭ അധ്യക്ഷന്‍ സമിതിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ജനാധിപത്യവിരുദ്ധവും ഏകാധിപത്യസ്വാഭാവവുമുള്ളതാണ് എന്നാരോപിച്ച് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം.

രാം നാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് രണ്ടുഘട്ടമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചും രണ്ടാംഘട്ടത്തില്‍, പൊതുതിരഞ്ഞെടുപ്പുകള്‍ നടന്ന് നൂറ് ദിവസത്തിനുള്ളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുമാണ് തീരുമാനം.