സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും

ന്യൂഡല്‍ഹി : യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2008-ല്‍ സോണിയാ ഗാന്ധിക്ക് കിട്ടിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്ന് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍). ഇത് സംബന്ധിച്ച് പിഎംഎംഎല്‍ അംഗം റിസ്വാന്‍ ഖാദ്രി ഡിസംബര്‍ 10-ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.

സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ സോണിയാ ഗാന്ധിയോട് സമാനമായ അഭ്യര്‍ത്ഥനയെ നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ കത്തുകള്‍. 1971-ല്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി (ഇപ്പോള്‍ പിഎംഎംഎല്‍)യില്‍ ജവഹര്‍ലാല്‍ നെഹ്റു തന്നെയാണ് ഇവ ഏല്‍പ്പിച്ചത്. 2008-ല്‍ ഇത് 51 പെട്ടികളിലാക്കി സോണിയാ ഗാന്ധിക്ക് അയച്ചു.

എഡ്വിന മൗണ്ട് ബാറ്റണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജയപ്രകാശ് നാരായണ്‍, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവന്‍ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരും നെഹ്‌റുവും തമ്മിലുള്ള കത്തിടപാടുകള്‍ ഈ ശേഖരത്തിലുണ്ട്.