അൻ യെ സോങ്, Photo: twitter

മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തില്‍ അമ്പതുകാരനായ ഡെലിവറി ഏജന്റ് മരിച്ച സംഭവത്തില്‍ മുന്‍ കൊറിയന്‍ പോപ് താരത്തിന് 8 വര്‍ഷം തടവ്. അന്‍ യെ സോങ്ങിനെതിരേയാണ് കോടതി ശിക്ഷ വിധിച്ചത്. ആദ്യ ഘട്ടത്തില്‍ 10 വര്‍ഷം തടവാണ് വിധിച്ചിരുന്നതെങ്കിലും പിന്നീട് എട്ട് വര്‍ഷമായി ചുരുക്കുകയായിരുന്നു. വാഹനമിടിച്ചതിന് ശേഷം അപകടത്തില്‍പ്പെട്ടയാളെ സഹായിക്കാതെ കടന്നുകളഞ്ഞതിനാലാണ് ഇത്രയും നീണ്ടവര്‍ഷത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചത്. എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ധാരണയിലെത്തിയത് പ്രകാരം പിന്നീട് ശിക്ഷാകാലയളവ് കുറച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ പ്രതി അംഗീകരിക്കുന്നതായി യെ സോങ്ങിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. മദ്യപിച്ചിരുന്നതിനാല്‍ സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ അഭിഭാഷകന്‍ അപകടത്തില്‍ മരണപ്പെട്ട വ്യക്തിയെ പഴിചാരുകയും ചെയ്തു. അയാള്‍ സമീപത്തുള്ള ചെറിയ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം സംഭവിക്കുമായിരുന്നില്ലെന്നാണ് അഭിഭാഷകന്‍ സൂചിപ്പിച്ചത്. ഇത് മുന്‍നിര്‍ത്തി പ്രോസിക്യൂഷന്‍ 15 വര്‍ഷം തടവ് വേണമെന്ന് കോടതിയില്‍ വാദിച്ചു. യെ സോങ്ങിന് പശ്ചാത്താപമില്ലെന്നും പ്രതിയുടെ അഭിഭാഷകസംഘം മരണപ്പെട്ടവ്യക്തിയുടെ മേല്‍ കുറ്റം ആരോപിച്ചെന്നും ചൂണ്ടിക്കാട്ടി.

അതേസമയം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നെന്നും മദ്യപിക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താനുണ്ടായതെന്നും യെ സോങ് പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ സമയം ബുക്കിങ് കുറഞ്ഞതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. എന്റെ ഉപജീവനമാര്‍ഗം തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കൂടിക്കാഴ്ചയിലായിരുന്നു ഞാന്‍.അതിനാല്‍ മദ്യപിക്കാതിരിക്കാന്‍ സാധിച്ചില്ല. ഇതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നും മുന്‍ പോപ് താരം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയിലാണ് അപകടം നടക്കുന്നത്.