മയോട്ട് ദ്വീപ സമൂഹത്തിൽ സർവനാശം വിതച്ച് ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ്(Photo by Handout / Securite Civile / AFP)

മമൗദ്സൗ ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ സമൂഹത്തിൽ സർവനാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. 90 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ ആയിരത്തിലേറെപ്പേർ മരിച്ചെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് ചിഡോ ചുഴലിക്കാറ്റ് മയോട്ടിൽ കരതൊട്ടത്. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ ശക്തിയിൽ ആഞ്ഞടിച്ച കാറ്റിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലംപൊത്തി. മരണസംഖ്യ ഈ ഘട്ടത്തിൽ വ്യക്തമായി പറയാനാവില്ലെന്നും ചിലപ്പോൾ ആയിരം കടക്കാമെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദ്വീപിലെ വാർത്താവിനിമയ സംവിധാനങ്ങളും താറുമാറായിട്ടുണ്ട്. ‘വലിയൊരു ദുരന്തമാണിത്. ഒരു ആണവയുദ്ധത്തിനുശേഷമുള്ള അവസ്ഥയിലാണ് ഞങ്ങൾ’–മയോട്ടിന്റെ തലസ്ഥാനമായ മമൗദ്സൗവിലുള്ള മുഹമ്മദ് ഇസ്മായിൽ എന്നയാൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. പാരിസിൽനിന്ന് 8000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലാണ് മയോട്ട് ദ്വീപുകളുടെ സ്ഥാനം. 3.21 ലക്ഷമാണ് ജനസംഖ്യ.