മിക്കേൽ സ്റ്റാറെ, Photo:ISL
കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.
സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി പട്ടികയില്‍ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മൂന്നുമത്സരങ്ങളില്‍ മാത്രമാണ് ലീഗില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ തോറ്റു. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയടക്കം നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനെതിരേ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഇവാന്‍ വുക്കുമാനോവിച്ചിന്റെ പകരക്കാരനായി സീസണിന്റെ തുടക്കത്തിലാണ് സ്റ്റാറേ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകകുപ്പായമണിഞ്ഞത്. 46-കാരനായ സ്റ്റാറേക്ക് 2026 വരേയാണ് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നത്. സ്വീഡൻ, ഗ്രീസ്, ചൈന, യു.എസ്.എ., തായ്ലാൻഡ് തുടങ്ങിയിടങ്ങളിലായി എഐകെ, പാനിയോണിയോസ്, ഐഎഫ്കെ ഗോട്ടെൻബെർഗ്, ഡാലിയാൻ യിഫാങ്, ബികെ ഹാക്കെൻ, സാൻ ജോസ് എർത്ത്ക്വാക്സ്, സാർപ്സ്ബോർഗ് 08, സർപ്സ് ബോർഗ് 08 തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
രണ്ട് ദശാബ്ദത്തോളം നീണ്ട പരിശീലന പരിചയസമ്പത്തുള്ള സ്റ്റാറേ വിവിധ ക്ലബ്ബുകളിലായി നാനൂറോളം മത്സരങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്ബി യുണൈറ്റിലൂടെയാണ് പരിശീലക കുപ്പായം അണിയുന്നത്. 2009-ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി. എഐകെയ്ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്വെൻസ്കാൻ, സൂപ്പർകുപെൻ നേടിയതും ഐഎഫ്കെ ഗോട്ടെൻബെർഗിനൊപ്പം സ്വെൻസ്ക കുപെൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. എന്നാൽ ആ മികവ് ബ്ലാസ്റ്റേഴ്സിനായി പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
