D. Gukesh | Photo: FIDE/Eric Rosen via PTI Photo
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ അവസാന ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ കീഴടക്കി ലോക ചെസ് കീരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ച പതിനെട്ടുകാരന്‍ ദൊമ്മരാജു ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മാനവും. ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രോത്സാഹനമായി 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ ലോകചാമ്പ്യനായതോടെ 11.45 കോടിരൂപ ഗുകേഷിന് സമ്മാനമായി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചത്.
ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ആകെ സമ്മാനത്തുക 25 ലക്ഷം ഡോളര്‍ (ഏകദേശം 21.11 കോടി രൂപ) ആണ്. 14 ഗെയിമുകളില്‍ ജയിക്കുന്ന ഓരോ ഗെയിമിനും രണ്ടു ലക്ഷം ഡോളര്‍ (1.69 കോടിയോളം) വീതം താരങ്ങള്‍ക്ക് ലഭിക്കും. ബാക്കിത്തുക ഇരുതാരങ്ങളും തുല്യമായി പങ്കുവെയ്ക്കുകയും ചെയ്യും. മൂന്ന് മത്സരങ്ങള്‍ ജയിച്ചതോടെ ഗുകേഷിന് ആറ് ലക്ഷം ഡോളര്‍ (5.07 കോടി രൂപയോളം) ആണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.
ഇതോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഗുകേഷിന് 13.5 ലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് 11.50 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുക. ഡിങ് ലിറന് 11.5 ലക്ഷം യുഎസ് ഡോളര്‍ (9.75 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനമായി കിട്ടി. പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ സമ്മാനം പ്രഖ്യാപിച്ചത്. ഗുകേഷിന്റെ ചരിത്രവിജയം രാജ്യത്തിന് ആനന്ദവും അഭിമാനവും നല്‍കിയെന്നും ഭാവിയില്‍ അദ്ദേഹം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും സ്റ്റാലിന്‍ ആശംസിച്ചു.
ആറര പോയിന്റിനെതിരേ ഏഴര പോയിന്റ് നേടിയാണ് ഗുകേഷ് വിശ്വവിജയിയായത്. 14 ഗെയിമുകളുള്ള ഫൈനലില്‍ മൂന്നു കളികള്‍ ഗുകേഷും രണ്ടുകളികള്‍ ഡിങ്ങും ജയിച്ചു. ഒമ്പത് ഗെയിമുകള്‍ സമനിലയിലായി. വിശ്വനാഥന്‍ ആനന്ദിനുശേഷം ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായി ഗുകേഷ്. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗുകേഷിന് സ്വന്തമായി. 22-ാം വയസ്സില്‍ ചാമ്പ്യനായ റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോഡാണ് ഗുകേഷ് മറികടന്നത്.
