പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍ : അഞ്ചുമിനിറ്റില്‍ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍നിന്ന് പാഴ്‌സലയയ്ക്കുമ്പോള്‍ ടിക്കറ്റെടുക്കണമെന്ന നിബന്ധനയില്‍ ഭേദഗതി വരുത്തി ദക്ഷിണ റെയില്‍വേ. ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സലേ അയയ്ക്കാനാകൂ.

തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണം. അതായത് 1000 കിലോയ്ക്ക് ഇനിമുതല്‍ നാല് ടിക്കറ്റ് എടുക്കേണ്ടിവരും. തിങ്കളാഴ്ച ഈ നിബന്ധന നിലവില്‍വരും.

കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയതുമുതല്‍ അഞ്ചുമിനിറ്റില്‍ താഴെ തീവണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളില്‍നിന്ന് അയയ്ക്കുന്ന പാഴ്‌സലുകള്‍ക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകൂടി എടുക്കണമെന്ന നിബന്ധനയുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടംവരെയുള്ള ജനറല്‍ ടിക്കറ്റാണ് എടുക്കേണ്ടത്. എന്നാല്‍, ഒരു ടിക്കറ്റിന് അയയ്ക്കാവുന്ന തൂക്കത്തിന് പരിധിയുണ്ടായിരുന്നില്ല.

ഇപ്പോള്‍ തൂക്കത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് തൃശ്ശൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് 540 രൂപയാണ് ജനറല്‍ ടിക്കറ്റ് നിരക്ക്. 1000 കിലോയുടെ പാഴ്‌സല്‍ അയയ്ക്കാന്‍ ഇനി 2160 രൂപയ്ക്ക് ടിക്കറ്റ് എടുക്കണം.

രണ്ടുമാസംമുന്‍പ് പാഴ്‌സല്‍ നിരക്കിലും റെയില്‍വേ വര്‍ധന വരുത്തിയിരുന്നു. തൂക്കത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടിയത് ചെറുകിട കച്ചവടക്കാരെയാണ് കാര്യമായി ബാധിക്കുക. നിലവില്‍ പാഴ്‌സല്‍ സര്‍വീസുകളില്‍ ഏറ്റവും ലാഭകരം റെയില്‍വേയുടേതാണ്.