photo:PTI
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂമർദത്തെ തുടർന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ വ്യാപകമായ നാശമാണുണ്ടായത്. നിർത്താതെ പെയ്യുന്ന മഴയിൽ ട്രിച്ചിയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. മഴ ശക്തമായതോടെ വിരുദനഗർ, ശിവഗംഗ ജില്ലകളിൽ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. ചെന്നൈയിൽ ഇടവിട്ടു മഴ പെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
അതേസമയം, ന്യൂനമർദം നിലവിൽ കന്യാകുമാരി തീരത്തേക്ക് നീങ്ങുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയാഴ്ചയോടെ ന്യൂനമർദം ദുർബലമാകുമെന്നും വെള്ളിയാഴ്ച വൈകീട്ട് വരെ മഴ തുടരുമെന്നുമാണ് മുന്നറിയിപ്പ്.
അതിനിടെ, ബംഗാൾ ഉൾക്കടലിൽതന്നെ മറ്റൊരു ന്യൂനമർദംകൂടി രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കൻ ആന്തമാൻ കടലിലാണ് ശനിയാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടുക. തമിഴ്നാട് തീരത്തേക്കാണ് ഇതും നീങ്ങുക. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും.
കഴിഞ്ഞ മൂന്ന് ആഴ്ചയായി ചെന്നൈയിലും തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. തെക്കൻ തമിഴ്നാട്ടിൽ ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ചയോടെ ശക്തിപ്രാപിച്ചിരുന്നു. പല ജില്ലകളിലും റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിക്കുകയും വിവിധയിടങ്ങൾ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തു. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മൈലാടുതുറൈ തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. റോഡുകൾ അടക്കം വെള്ളത്തിനടിയിലായി.
