നവീൻ ബാബു

കൊച്ചി : കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നത് ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് കണ്ടിട്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറോട് പറയാതിരുന്നത് സംശയകരമാണെന്ന് ഭാര്യ മഞ്ജുഷയുടെ അഭിഭാഷകന്‍ കോടതിയില്‍. കഴുത്തിലെ കയറിന്റെ പാട് സംബന്ധിച്ച് ഇന്‍ക്വസ്റ്റ്- പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പറയുന്നതുതമ്മില്‍ 10 സെന്റീമീറ്ററിന്റെ വ്യത്യാസമുണ്ട്. ഇന്‍ക്വസ്റ്റ് തുടങ്ങിയശേഷമാണ് വിവരം സഹോദരനെ ഫോണില്‍ അറിയിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് കളക്ടറോട് പറഞ്ഞിട്ടും അവിടെത്തന്നെ നടത്തിയതും സംശയകരമാണെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കെ. മഞ്ജുഷയുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ആരോപണം ഉന്നയിക്കുന്നതിനപ്പുറം തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നവീന്‍ ബാബു അവസാനമായി സംസാരിച്ചത് മഞ്ജുഷയോടാണ്. സംശയകരമായ ഒരുകാര്യവും അവര്‍ക്ക് പങ്കുവെക്കാനായിട്ടില്ല. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ. വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി ഉത്തരവിനായി മാറ്റി.

ഹര്‍ജിക്കാരി പറഞ്ഞത്

  • ഏക പ്രതിയായ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ കഴിഞ്ഞദിവസമാണ് ജില്ലാപഞ്ചായത്ത് സാമ്പത്തികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരാംഗമാക്കിയത്. ഇവരെ സി.പി.എം. സംസ്ഥാന സെക്രട്ടറിതന്നെ അനകൂലിക്കുന്നു. അവരുടെ സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്.
  • പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കായി വിവരാവകാശ അപേക്ഷനല്‍കിയിട്ടും മറുപടി ലഭിച്ചില്ല.
  • പ്രശാന്തനും പ്രതിയുടെ ഭര്‍ത്താവും ജോലിചെയ്യുന്നതടക്കം കണക്കിലെടുത്താണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടത്.
  • 55 കിലോ മാത്രമായിരുന്നു നവീന്‍ ബാബുവിന്റെ ഭാരം. കഴുത്തിലെ കയറിന്റെ പാട് ബലപ്രയോഗം നടത്തിയിട്ടുണ്ടോ എന്ന സംശയത്തിനിടയാക്കുന്നു.
  • ആന്തരികസ്രവങ്ങളൊന്നും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്നും അഡ്വ.ജോണ്‍ എസ്. റാല്‍ഫ് വാദിച്ചു.

സര്‍ക്കാര്‍ പറഞ്ഞത്

  • അന്വേഷണത്തിന്റെ ഭാഗമായ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് വെറുതേ പറയുകയാണ്. അത് സ്ഥാപിക്കുന്ന തെളിവുകളൊന്നുമില്ല.
  • ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങിയശേഷമാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കളെ അറിയിച്ചതെന്ന് പറയുന്നതിനും തെളിവില്ല.
  • പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല.
  • ആത്മഹത്യ ചെയ്യുമ്പോള്‍ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടാകാമെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടുണ്ട്.
  • കൊലപാതകമാണെന്ന ഹര്‍ജിക്കാരിയുടെ സംശയത്തിലും വിശദമായ അന്വേഷണം നടത്തും.