ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : ചെക്ക് തട്ടിപ്പ് കേസിൽ ഖത്തറിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പൊന്നാനി സ്വദേശി മുഹമ്മദ് കയൽവക്കത്ത് ബാവക്ക് ഇന്ത്യൻ എംബസിയുടെ നിയമ സഹായം ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് പിതാവ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മുഹമ്മദ് കയൽവക്കത്ത് ബാവയുടെ പിതാവ് കുഞ്ഞിബാവയാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ വിദേശകാര്യ മന്ത്രാലയത്തിനും, ദോഹയിലെ ഇന്ത്യൻ എംബസിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
ഖത്തറിലെ ടോട്ടൽ ഫ്രഷ് ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു മുഹമ്മദ് കയൽവക്കത്ത് ബാവ. 2015 ൽ ആരംഭിച്ച ഹൈപ്പർ മാർക്കറ്റിന്റെ നടത്തിപ്പിനിടെ വണ്ടി ചെക് നൽകിയ കേസിൽ ബാവയെ കോടതി പന്ത്രണ്ട് വർഷത്തേക്ക് ശിക്ഷിച്ചു. 2016ൽ ആരംഭിച്ച ശിക്ഷ 2028 ലാണ് അവസാനിക്കുന്നത്. ഇതിനിടെ 2017 ൽ ടോട്ടൽ ഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ മുഹമ്മദ് കയൽവക്കത്ത് ബാവക്ക് ഉണ്ടായിരുന്ന ഓഹരികൾ ടി കെ. കുഞ്ഞബ്ദുള്ള എന്ന വ്യക്തിക്ക് കൈമാറിയിരുന്നു. എന്നാൽ ബാവ ജയിലിൽ കഴിയുമ്പോൾ നടന്നുവെന്ന് പറയപ്പെടുന്ന ഈ കൈമാറ്റം വ്യാജമാണെന്നാണ് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ മുഹമ്മദ് കയൽവക്കത്ത് ബാവയുടെ പിതാവ് കുഞ്ഞിബാവ ആരോപിച്ചിരിക്കുന്നത്.
വ്യാജ രേഖകൾ ഉപയോഗിച്ച് ഓഹരി തട്ടിയെടുത്തവർക്കെതിരെ മകൻ നടത്തുന്ന നിയമ നടപടികൾക്ക് ദോഹയിലെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കുന്നില്ല എന്നാണ് കുഞ്ഞിബാവ ആരോപിക്കുന്നത്. അതിനാൽ നിയമ സഹായം നൽകാൻ വിദേശകാര്യ മന്ത്രാലയത്തിനും, ദോഹയിലെ ഇന്ത്യൻ എംബസിക്കും നിർദേശം നൽകണം എന്നാണ് ആവശ്യം. ഈ ആവശ്യത്തിലാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്. കുഞ്ഞി ബാവയ്ക്ക് വേണ്ടി അഭിഭാഷകരായ ജയ്മോൻ ആൻഡ്രൂസ്, പിയോ ഹാരോൾഡ് ജയ്മോൻ എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. മുഹമ്മദ് കയൽവക്കത്ത് ബാവയെ സന്ദർശിക്കാൻ കുടുംബ അംഗങ്ങൾക്ക് അനുമതി ലഭ്യമാക്കുക, കേസിന്റെ നടത്തിപ്പിനായി സഹായം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഹർജിയിൽ ഉണ്ട്.
