പ്രതീകാത്മക ചിത്രം
ലഖ്നൗ (യു.പി) : ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 12000 രൂപ പിഴയും ചുമത്തി. ഫരീന്‍ അഹമ്മദ് എന്ന 23-കാരനാണ് കുറ്റക്കാരന്‍. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവില്‍ കഴിയേണ്ടി വരും.
2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ടിവി കാണാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഫരീന്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ നല്‍കിയ പരാതി. ‘പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്തം വാര്‍ന്ന് അവശനിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. കുട്ടി രണ്ടാഴ്ച ആശുപത്രിയിലായിരുന്നു’ – എഫ്ഐആറില്‍ പറയുന്നു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വൈദ്യപരിശോധനയ്ക്കുശേഷം പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഫരീന്‍ അഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ ഫരീന്‍ അഹമ്മദ് സ്ത്രീയായിട്ടാണ് ജനിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് പ്രതിയെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ലിംഗനിര്‍ണയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടു. അഹമ്മദിന്റെ ബീജത്തില്‍ എക്സ്, വൈ ക്രോമസോമുകള്‍ ഉണ്ടെന്ന് കാണിച്ച് ഈ വര്‍ഷം സെപ്റ്റംബര്‍ 24 ന് ഇന്‍സ്റ്റിറ്റ്യൂട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, പ്രതി പുരുഷനാണെന്നും സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.
