വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ലോ​ഗോ പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം : 63-ാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് കലോത്സവം നടത്തും. ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകള്‍.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 110, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 എന്നിങ്ങനെ ആകെ 249 മത്സരങ്ങളാണുളളത്.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ശിക്ഷക് സദനില്‍ വച്ച് നവംബര്‍ 12ന് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക നായകന്മാര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 19 സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തതായി മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗര പരിധിയിലുളള 25 വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കായും പ്രത്യേകം വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ 25 സ്‌കൂളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പ്രത്യകം, പ്രത്യകം സ്‌കൂളുകളാണ് ഒരുക്കുന്നത്. ഓരോ വേദിയിലും കുട്ടികള്‍ക്ക് എത്തുന്നതിന് സഹായിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കും.

എല്ലാ അക്കോമഡേഷന്‍ സെന്ററുകളിലും വേദികള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിയ്ക്കും. സ്വര്‍ണ്ണ കപ്പ് എല്ലാ ജില്ലകളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് തലസ്ഥാന നഗരിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.