മൻസൂർ ഹോസ്പിറ്റലിന് മുന്നിൽ നടന്ന എസ്എഫ്ഐ പ്രതിഷേധം

കാഞ്ഞങ്ങാട് ∙ സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കോളജ് അടങ്ങിയ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. പ്രകടനമായെത്തിയ വിദ്യാർഥികളിലൊരു വിഭാഗം മുദ്രവാക്യം വിളികളുമായി ആശുപത്രി ഗേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസുമായി ഉണ്ടായ ഉന്തുംതള്ളു കൂട്ടത്തല്ലിൽ കലാശിച്ചു. 5 എസ്എഫ്ഐ പ്രവർത്തകർക്കും 3 പൊലീസുകാർക്കും പരുക്കുണ്ട്.

എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അദിനാൻ, ചെറുവത്തൂർ ഏരിയ സെക്രട്ടറി അഭിചന്ദ്, കാസർകോട് ഏരിയ പ്രസിഡന്റ് അനുരാഗ്, തൃക്കരിപ്പൂർ ഏരിയ പ്രസിഡന്റ് കാർത്തിക്, എളേരി ഏരിയ പ്രസിഡന്റ് കാർത്തിക്, എളേരി ഏരിയ സെക്രട്ടറി അജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ലയ്ക്ക് അടിയേറ്റ അഭിചന്ദിന്റെയും അനുരാഗിന്റെയും സ്ഥിതി ഗുരുതരമാണ്. ഇവരെ കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീലേശ്വരം സ്റ്റേഷനിലെ കെ.പി.അജിത്ത്, എആർ ക്യാംപ് അംഗം വിനീഷ്, ചീമേനി സ്റ്റേഷനിലെ വി.കെ.സുരേഷ് എന്നിവർക്കും പരുക്കേറ്റു. ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, സിഐ പി.അജിത്ത് കുമാർ‍ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സബ് ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 60 പൊലീസുകാരാണ് സ്ഥലത്തുള്ളത്. ഹോസ്റ്റൽ വാർഡനിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ സമരം. വിദ്യാർഥികൾ സമരത്തിൽ പങ്കെടുക്കാതിരിക്കാനായി രാവിലെ ഇന്റേണൽ പരീക്ഷ കോളജ് നടത്തിയെന്ന് നേതാക്കൾ ആരോപിച്ചു. വാർഡനെ പുറത്താക്കണമെന്നും നീതിയുക്തമായ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം സമരം ചെയ്ത വിദ്യാർഥികൾക്ക് എതിരെ പ്രതികാര നടപടികളുണ്ടാകരുതെന്നും ആവശ്യമുയർന്നു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സമരക്കാരും ആശുപത്രി മാനേജ്മെന്റും വിവിധ സംഘടനാ പ്രതിനിധികളും ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് വിശദമായ ചർച്ച നടത്തും. പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുകയാണ്. ശനി ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴും പിന്നീട് തിരികെ ഹോസ്റ്റലിലേക്കെത്തിയപ്പോഴും വാർഡൻ വിദ്യാർഥിനിയോട് മോശമായി സംസാരിച്ചെന്നാണ് സഹപാഠികൾ പറയുന്നത്. ആത്മഹത്യാ ശ്രമത്തെ തുടർന്ന് പെൺകുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോൾ വാർഡനെത്തിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് കോളജ് അധികൃതരുടെ പ്രതികരണം. കുറ്റം ചെയ്തവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും കോളജ് അറിയിച്ചു.