വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം ∙ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് വച്ച് ഒരു നടിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് കുട്ടികള്‍ പ്രതീക്ഷയോടെ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ശോഭകെടുത്തുന്ന തരത്തിലുള്ള വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘‘എന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ടു പ്രസ്താവന ഞാന്‍ പിന്‍വലിച്ചു. ഇനി അതു വിട്ടേക്ക്’’ – മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടു വരുന്നതിനും കലോത്സവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും കലോത്സവ വേദിയിൽ സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ട്. കൊല്ലം കലോത്സവത്തിൽ മമ്മൂട്ടി, ആശാ ശരത്, കുമാരി നിഖിലാ വിമൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ആശാ ശരത്താണ് സ്വാഗത ഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. കോഴിക്കോട് കലോത്സവത്തിൽ കെ.എസ്.ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്. കലോത്സവ വേദികളിൽ എത്തുന്ന സെലിബ്രിറ്റികൾ ആ വേദിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രതിഫലം ഒന്നും ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക പരിപാടിയിൽ താൻ പറഞ്ഞ ചില കാര്യങ്ങൾ വാർത്തയായത് ശ്രദ്ധയിൽപ്പെട്ടു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമർശങ്ങൾ. അതിനാൽ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.

വെഞ്ഞാറമ്മൂട്ടില്‍ സംസ്ഥാന നാടക മത്സരത്തിന്റെ സമ്മാനദാനത്തിനു പോയപ്പോഴാണ് നടിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയതെന്നു മന്ത്രി പറഞ്ഞു. സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. ലോകത്ത് എവിടെ ആയിരുന്നാലും സുരാജ് വെഞ്ഞാറമൂട്, പഴയ നാടകനടന്‍ എന്ന നിലയില്‍ നാടകോത്സവം നടക്കുന്ന സമയത്ത് അവിടെ എത്തുമെന്നു പറഞ്ഞു. അത് ആ നാടിനോടും നാടകത്തോടുമുള്ള സ്‌നേഹമാണ്. ഇത് എല്ലാ സെലിബ്രിറ്റികളും പിന്തുടരുന്നത് നല്ലതാണെന്ന് ഞാന്‍ പറഞ്ഞു. 14,000 കുട്ടികള്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഏഴുമിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കാന്‍ സ്‌കൂള്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായ വ്യക്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ 5 ലക്ഷം രൂപ എന്റെ പ്രസ് സെക്രട്ടറിയോടു ചോദിച്ചു. അതു വാര്‍ത്തയായപ്പോള്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ആയിട്ടേ ഉള്ളു. കുട്ടികളെ നിരാശപ്പെടുത്തുന്ന വിവാദങ്ങള്‍ വേണ്ട. അതുകൊണ്ട് വെഞ്ഞാറമൂട്ടില്‍ ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി പറഞ്ഞു.