അഹമ്മദാബാദിലെ ബാങ്കിൽ അരങ്ങേറിയ സംഘർഷത്തിൽനിന്ന് (Photo:Videograb/X/@idesibanda)

അഹമ്മദാബാദ് ∙ ഫിക്സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് നികുതി ഈടാക്കിയതിന്‍റെ പേരില്‍ ബാങ്ക് മാനേജറെ ആക്രമിച്ച് ഉപഭോക്താവ്. എഫ്‌ഡി പലിശയ്ക്ക് നികുതി ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവ് ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാണ് ബാങ്കിലെത്തിയത്. എന്നാൽ മാനേജരുമായുള്ള സംസാരം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ജയ്മാന്‍ റാവല്‍ എന്നയാളാണ് ബാങ്ക് മാനേജരായ ശുഭത്തെ ആക്രമിച്ചത്. ബാങ്ക് ജീവനക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്.

അഹമ്മദാബാദിലെ വസ്ത്രപൂരിലുള്ള യൂണിയന്‍ ബാങ്ക് ശാഖയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മാനേജരെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ശുഭത്തിന്‍റെ തലയില്‍ റാവല്‍ അടിക്കുന്നുണ്ട്. ഇതിനിടയിൽ പ്രായമായ ഒരു സ്ത്രീ ഇരുവരെയും പിടിച്ചുമാറ്റി അക്രമം നിര്‍ത്താന്‍ ആവശ്യപ്പെട്ട് റാവലിനെ അടിക്കുന്നത് വിഡിയോയിൽ കാണാം. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ വസ്ത്രപുര്‍ പൊലീസ് കേസെടുത്തു.