സഞ്ജീവ് ഭട്ട്
പോര്‍ബന്തര്‍ : 1997-ലെ കസ്റ്റഡി പീഡനക്കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റമുക്തനാക്കി. സംശയങ്ങള്‍ക്കതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. തെളിവുകളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി. സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്പിയായിരിക്കുമ്പോഴുള്ള കേസിലാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ വിധി പറഞ്ഞത്.
അതേസമയം, 1990-ലെ കസ്റ്റഡി മരണത്തില്‍ ജീവപര്യന്തം തടവ് ലഭിച്ച സഞ്ജീവ് ഭട്ട് നിലവില്‍ ജയിലിലാണ്. രാജസ്ഥാന്‍ ആസ്ഥാനമായുള്ള അഭിഭാഷകനെ മയക്കുമരുന്ന് ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലും 20 വര്‍ഷം തടവ് ലഭിച്ചിട്ടുണ്ട് സഞ്ജീവ് ഭട്ടിന്. രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ അദ്ദേഹമുള്ളത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരായ കേസുകള്‍ സജീവമാക്കിയത്.
20 വര്‍ഷത്തിനുശേഷമാണ് മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവായത്. ഹര്‍ജിക്കാരനായ പോലീസ് ഇന്‍സ്‌പെക്ടര്‍ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരേ മൊഴിനല്‍കി മാപ്പുസാക്ഷിയായി. 1990 നവംബര്‍ 18-ന് ജാംനഗറിലെ ജം ജോധ്പുരില്‍ പ്രഭുദാസ് വൈഷ്ണാനി മരിച്ച സംഭവത്തിലാണ് ഭട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.
അദ്വാനിയുടെ രഥയാത്ര തടഞ്ഞതിനെത്തുടര്‍ന്ന് ബി.ജെ.പി. ഒക്ടോബര്‍ 30-ന് നടത്തിയ ബന്ദില്‍ കലാപമുണ്ടായി. ഇത് നേരിടാനെത്തിയ എ.എസ്.പി.യായ സഞ്ജീവ് ഭട്ട്, വൈഷ്ണാനി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ആശുപത്രിയിലാണ് ഇയാള്‍ മരിച്ചത്. കസ്റ്റഡിയിലെ പീഡനമാണ് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പരാതിനല്‍കി. എന്നാല്‍, പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയില്ല. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കെതിരേ ഭട്ട് മൊഴിനല്‍കിയതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
