ബെംഗളൂരു എഫ്‌സിയുടെ ഗോളാഘോഷം | Photo: x/ bengaluru fc

ബെംഗളൂരു : ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി രണ്ടിനെതിനെ നാല് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ തിരിച്ചെത്തി സമനില പിടിച്ചിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബെംഗളൂരു വീണ്ടും രണ്ടു തവണ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി.

കളി തുടങ്ങി എട്ടാം മിനിറ്റില്‍തന്നെ ബെംഗളൂരു ലീഡെടുത്തു. വിങ്ങില്‍ നിന്ന് റയാന്‍ വില്യംസ് നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. ഛേത്രിയുടെ സീസണിലെ ആറാം ഗോളാണിത്.

39-ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിലൂടെ മുന്നേറി മനോഹരമായൊരു സ്‌ട്രൈക്കിലൂടെ റയാന്‍ ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുപിടിച്ചു. 56-ാം മിനിറ്റില്‍ ജെസ്യൂസ് ജിമനസ് ലക്ഷ്യം കണ്ടു. 67-ാം മിനിറ്റില്‍ ഫ്രെഡി ലല്ലാവ്മ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ സന്തോഷത്തിന് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 73-ാം മിനിറ്റില്‍ സുനില്‍ ഛേത്രി വല കുലുക്കിതയതോടെ ബെംഗളൂരുവിന്റെ വിജയമുറപ്പിച്ചു.

11 മത്സരങ്ങളില്‍നിന്ന് 23 പോയിന്റുമായി ബെംഗളൂരു ലീഗില്‍ ഒന്നാമതാണ്. മൂന്ന് ജയത്തോടെ 11 പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പത്താമതാണ്.