അൽ അസദ്

തെഹ്‌റാന്‍ : സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതര്‍ ദമാസ്‌കസ് പിടിച്ചെടുക്കുന്നതിന് മുന്‍പ് അല്‍ അസദ് ഐ.എല്‍ -76 എയര്‍ക്രാഫ്റ്റില്‍ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ട്.

റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പണ്‍ സോഴ്‌സ് ഫ്‌ലൈറ്റ് ട്രാക്കേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു. വിമാനം വെടിവെച്ചിട്ടതാകാമെന്ന് സംശയിക്കപ്പെടുന്നു. എഞ്ചിന്‍ തകറിലായതാണെന്ന് മറ്റൊരു വാദവുമുണ്ട്‌.

നവംബര്‍ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അല്‍ അസദിന്റെ പതനത്തില്‍ നിര്‍ണായകമായത്. ഇതോടെ ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു. അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തില്‍ വ്യാപൃതരായി. ഇക്കാരണത്താല്‍ സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ വിമുഖത കാണിക്കുകയും ചെയ്തു.