അപകടത്തിന്റെ ദൃശ്യവും മരിച്ച ഉല്ലാസും
തിരുവനന്തപുരം : വെള്ളിയാഴ്ച കിഴക്കേക്കോട്ടയില്‍ നടന്ന അപകടമരണത്തിന് കാരണം രണ്ടു ബസുകളുടെയും ഡ്രൈവര്‍മാരുടെ ഭാഗത്തുണ്ടായ വീഴ്ചയെന്ന് കണ്ടെത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശപ്രകാരം നടന്ന പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. അതേസമയം ചുവന്ന സിഗ്‌നല്‍ ഉള്ളപ്പോഴാണ് അപകടത്തില്‍പ്പെട്ടയാള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നും കണ്ടെത്തി.
കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഇടതുവശത്തുകൂടി അലക്ഷ്യമായാണ് സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിച്ചതെന്നാണ് പ്രധാന കണ്ടെത്തല്‍. ഡ്രൈവറുടെ ഭാഗത്തെ കടുത്ത കുറ്റമാണിത്. അതേസമയം സ്വകാര്യ ബസ് വളയുന്നത് കണ്ടിട്ടും കെ.എസ്.ആര്‍.ടി.സി. മത്സരിച്ച് മുന്നോട്ടെടുത്തതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഇതോടെയാണ് ഉല്ലാസ് എന്നയാള്‍ ഇടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് മരിച്ചത്.
ബസിന്റെ വശങ്ങളാണ് ഉരഞ്ഞ് അപകടമുണ്ടാക്കുന്നതെങ്കില്‍ ഡ്രൈവറുടെ കുറ്റമായാണ് കണക്കാക്കുന്നത്. ബസിന്റെ വശം ഉരഞ്ഞുണ്ടാകുന്ന അപകടങ്ങളില്‍ ഡ്രൈവര്‍മാരില്‍നിന്നാണ് നഷ്ടപരിഹാരം ഈടാക്കുക. ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ഒരിക്കല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത്തരം അപകടങ്ങള്‍ക്ക് ഉത്തരവാദിത്വം ഡ്രൈവര്‍മാര്‍ക്കു തന്നെയെന്ന് കോടതിയും പറഞ്ഞിരുന്നു.
അപകടം നടന്ന നോര്‍ത്ത് സ്റ്റാന്‍ഡില്‍ സ്വകാര്യബസുകള്‍ രണ്ടുമിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടരുതെന്ന് നിര്‍ദേശമുണ്ട്. അപകടമുണ്ടാക്കിയ ബസ് പക്ഷേ ഇതുപാലിച്ചില്ല. സ്വകാര്യ ബസുകള്‍ ഈ ഭാഗത്ത് ഏറെനേരം നിര്‍ത്തിയിട്ട് ആളെ കയറ്റുന്നത് പതിവാണ്. ഇതു പലപ്പോഴും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുമായി തര്‍ക്കത്തിനിടയാക്കാറുണ്ട്.
അപകടത്തിന് പിന്നാലെതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയും തുടര്‍ന്ന് ശനിയാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. അനന്തകൃഷ്ണന്‍, ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗവും ചേര്‍ന്നു.
കിഴക്കേക്കോട്ടയിലെ സ്ഥിരം അപകടകാരണങ്ങള്‍ വിലയിരുത്തിയ യോഗം പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിച്ചു. ക്യാമറ ഉള്‍പ്പെടെ പരിശോധിച്ചും സാക്ഷികളെ കണ്ടുമാണ് അന്വേഷണസംഘം വിലയിരുത്തലുകളിലെത്തിയത്. സ്വകാര്യ ബസുകള്‍ക്ക് പഴവങ്ങാടി ഭാഗത്ത് മാത്രമാണ് മുന്‍പ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ഈ നിര്‍ദേശം കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. സ്റ്റോപ്പില്‍ ഏറെനേരം ബസുകള്‍ നിര്‍ത്തിയിടാനും പാടില്ല.
ഇപ്പോള്‍ തോന്നുംപടി റോഡിന്റെ പലയിടങ്ങളിലായാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. അതുപോലെ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ബസ്ബേ വഴി നിരനിരയായി മാത്രം മുന്നോട്ടു നീങ്ങണമെന്ന നിര്‍ദേശവും കര്‍ശനമാക്കും. വെള്ളിയാഴ്ചത്തെ അപകടമരണവുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ് ഡ്രൈവര്‍ അസീമിനെ ഒന്നാം പ്രതിയാക്കിയും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ടി.എസ്. സെബാസ്റ്റ്യനെ രണ്ടാം പ്രതിയുമാക്കിയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
