പ്രതീകാത്മക ചിത്രം

ശ്രീന​ഗർ : ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ സ്വയം വെടിയുതിർത്തതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്നതിനുപിന്നാലെ മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാവിലെ ആറരയോടെ ഉധംപുരിലെ കാളിമാതാ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് വാനിനകത്ത് വെടിയേറ്റനിലയിൽ രണ്ട് പോലീസുദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയത്. ആ വഴി പോയ പോലീസുകാരാണ് ദൃശ്യം കണ്ടത്. വടക്കൻ കശ്മീരിലെ സോപോരിൽനിന്ന് റീസി ജില്ലയിലെ സബ്സിഡിയറി ട്രെയിനിങ് സെന്ററിലേക്ക് പോവുകയായിരുന്നു ഈ പോലീസുകാർ. ഇവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹങ്ങൾ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ജമ്മു കശ്മീർ പോലീസിലെ ഒരു ഹെഡ് കോൺസ്റ്റബിളും ഡ്രൈവറുമാണ് മരിച്ചതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഇതേ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോ​ഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യും.

കഴിഞ്ഞവർഷം ജൂണിൽ 23-കാരനായ സ്പെഷ്യൽ പോലീസ് ഓഫീസർ സ്വന്തം സർവീസ് റൈഫിൾകൊണ്ട് വെടിയുതിർത്ത് ആത്മഹത്യ ചെയ്തിരുന്നു. ജമ്മു കശ്മീരിലെ കഠുവ ജില്ലയിലായിരുന്നു ഈ സംഭവം.