മൻസൂർ ആശുപത്രിക്ക് മുൻപിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം

കാസർകോട് : കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥി ചൈതന്യയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവം സഹപാഠികൾ കണ്ടതിനാലാണ് വിദ്യാർഥിനിയെ രക്ഷിക്കാനായത്.

അതേസമയം, മം​ഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുകയാണ്. വെൻഡിലേറ്ററിൽ കഴിയുന്ന വിദ്യാർഥിക്ക് 50 ശതമാനം മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഹോസ്റ്റൽ വാർഡനുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് മറ്റു വിദ്യാർഥികളുടെ ആരോപണം. മാനസികമായി വാർഡൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. വാർഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മൻസൂർ ആശുപത്രിക്ക് മുൻപിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മാനേജ്മെന്റിനോട് പറഞ്ഞിരുന്നുവെങ്കിലും വാർഡനെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത് എന്നാണ് വിദ്യാർഥികൾ പറയുന്നത്. അച്ചടക്കനടപടി ഉണ്ടാകുമെന്ന ഭീഷണി മാനേജ്മെന്റിൽനിന്ന് ഉണ്ടായതായും ഇവർ ആരോപിക്കുന്നു.

ഭക്ഷണവും താമസവും ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങളിൽ വീഴ്ച ഉണ്ടായത് ചോദ്യം ചെയ്തതാണ് വിദ്യാർഥികളും വാർഡനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായത് എന്നാണ് അറിയുന്നത്. ആശുപത്രി പരിസരത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്‌.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)