Photo: https://x.com/BCCI
അഡലെയ്ഡ് : ഓസ്ട്രേലിയയ്ക്കെതിരേ രണ്ടാം ടെസ്റ്റിലെ കനത്ത തോൽവിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഓസ്ട്രേലിയ വീണ്ടെടുത്തു. ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പെർത്തിലെ തോൽവിയോടെ ഓസ്ട്രേലിയ നേരത്തെ പോയിന്റിങ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യക്കെതിരേ പത്ത് വിക്കറ്റ് ജയത്തോടെ ഒന്നാം സ്ഥാനം അവര്‍ തിരിച്ചുപിടിച്ചു.
60.71 ശതമാനമാണ് ഓസീസിനുള്ളത്. 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ ടീമിന് ഒമ്പത് ജയവും നാല് തോൽവിയും ഒരു സമനിലയുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 57.29 ശതമാനമാണ് പോയന്റ്. 16 മത്സരങ്ങൾ കളിച്ചപ്പോൾ ഒൻപത് ജയം ആറ് തോൽവി ഒരു സമനില എന്നിങ്ങനെയാണ്.
ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ഒമ്പത് മത്സരങ്ങൾ കളിച്ച ടീം അഞ്ച് ജയം ഒരു സമനില മൂന്ന് തോൽവി തോല്‍വി അടക്കം 59.26 ശതമാനം. രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയെ തോൽപ്പിക്കാനായാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം സ്ഥാനത്തെത്താൻ സാധിക്കും. നിലവിൽ ശ്രീലങ്കയാണ് നാലാം സ്ഥാനത്ത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 4-1ന് ഓസ്ട്രേലിയയെ തോൽപ്പിക്കുകയായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് നേരിട്ട് മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കുമായിരുന്നു. ഇനി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് ജയിക്കേണ്ടി വരും.
