File Photo | AP

ബ്രിസ്‌ബേന്‍ : ഇന്ത്യക്കെതിരേ 122 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം. ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിലാണ് ഓസീസ് വനിതകള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ തറപറ്റിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഓസീസ് വനിതകള്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് നേടി. എലിസ്സെ പെറി(105) ജോര്‍ജിയ വോള്‍(101) എന്നിവരുടെ സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. എലിസ്സെ പെറിയുടെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. ഏകദിനമത്സരങ്ങളില്‍ നാലായിരം റണ്‍സെന്ന നേട്ടവും പെറി സ്വന്തമാക്കി.

ഫോബെ ലിച്ച്ഫീല്‍ഡിന്റെ(60)യും ബെത്ത് മൂണി(56)യുടെയും അര്‍ധ സെഞ്ചുറികളും ഓസീസിന് കരുത്തേകി. ഇന്ത്യയുടെ ബൗളര്‍മാരെയെല്ലാം ഓസീസ് ബാറ്റര്‍മാര്‍ കണക്കിന് ശിക്ഷിച്ചു. ഇന്ത്യയ്ക്കായി സൈമ ഠാക്കൂര്‍ മൂന്ന് വിക്കറ്റും മലയാളി താരം മിന്നു മണി രണ്ട് വിക്കറ്റും നേടി.

ഓസീസ് ഉയര്‍ത്തിയെ 372 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം 44.5 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ടായി. 54 റണ്‍സ് നേടിയ റിച്ച ഘോഷ് ആണ് ഇന്ത്യന്‍നിരയിലെ ടോപ് സ്‌കോറര്‍. മലയാളി താരം മിന്നുമണി 46 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(38) ജെമിയ റോഡ്രിഗസ്(43) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റുള്ളവര്‍. ഓപ്പണിങ്ങിറങ്ങിയ സ്മൃതി മന്ദാന ഒന്‍പത് റണ്‍സെടുത്തും ഹര്‍ലീന്‍ ഡിയോള്‍ 12 റണ്‍സെടുത്തും ദീപ്തി ശര്‍മ പത്ത് റണ്‍സെടുത്തും കൂടാരം കയറി. ഓസീസിനായി 8.5 ഓവറില്‍ 39 റണ്‍സ് വഴങ്ങി അന്നാബെല്‍ സതര്‍ലന്‍ഡ് നാല് വിക്കറ്റ് വീഴ്ത്തി.