പ്രതീകാത്മക ചിത്രം, പെട്രോൾ പമ്പിൽ നിന്നും ലഭിച്ച ബില്ല്
വിഴിഞ്ഞം ∙ മുക്കോലയിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചു രോഗിയുമായി പോയ ആംബുലൻസ് വഴിയിലായി. ഇന്ധനം നിറച്ചതിൽ ക്രമക്കേട് ആരോപിച്ചു നാട്ടുകാർ രാത്രി പമ്പ് ഉപരോധിച്ചു. അളവുതൂക്ക വിഭാഗം അധികൃതരെത്തി ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്നു പമ്പു പൂട്ടി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവ പരമ്പര. മുക്കോലനിന്നു 500 രൂപയ്ക്കു പെട്രോൾ അടിച്ച ആംബുലൻസ്, ബൈപാസിലുണ്ടായ അപകടത്തിൽ പരുക്കേറ്റ ആളുമായി നഗരത്തിലെ ആശുപത്രിയിലേക്കു പോകുമ്പോൾ ഈഞ്ചക്കൽ വച്ചു വാഹനം നിന്നതായി ഡ്രൈവർ പറഞ്ഞു.
ഇന്ധന ബിൽ പരിശോധിച്ചപ്പോൾ 2.14 രൂപയ്ക്കുള്ള 0.02 ലീറ്റർ പെട്രോൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് മനസ്സിലാക്കി. രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ട ശേഷം പമ്പിലെത്തി വിവരം ചോദിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ക്രമക്കേടിനെതിരെ രാത്രി വൈകും വരെ പ്രതിഷേധം നീണ്ടു. വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി. പമ്പിനെക്കുറിച്ചു നേരത്തെയും ധാരാളം പരാതികൾ ഉയർന്നിരുന്നുവെന്നും നടത്തിപ്പു സംബന്ധിച്ചും ആക്ഷേപമുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
അളവു തൂക്ക വിഭാഗത്തിന്റെ ഫ്ലയിങ് സ്ക്വാഡ് ഡപ്യൂട്ടി കൺട്രോളർ പി.എസ്.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തിയതിൽ രണ്ടു ബൂത്തുകളിൽ ക്രമക്കേടു കണ്ടെത്തി. ആവശ്യപ്പെടുന്ന അളവിലും കുറച്ചാണ് ബൂത്തുകളിൽ നിന്ന് ഇന്ധനം ലഭ്യമായതെന്നു ബോധ്യപ്പെട്ടതായി അധികൃതർ പറഞ്ഞു. കമ്പനി ആവശ്യപ്പെടുന്നതനുസരിച്ചു ക്രമക്കേടു പരിഹരിച്ചോ എന്നു പരിശോധിച്ചു തൃപ്തികരമെങ്കിൽ പ്രവർത്തനാനുമതി നൽകുമെന്ന് ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഡപ്യൂട്ടി കൺട്രോളറെ കൂടാതെ ഇൻസ്പെക്ടർ ബി.പ്രിയ, ഇൻസ്പെക്ടർ അസി. എം.നഹാസ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
