ഇന്ദുജയും ഭർത്താവ് അഭിജിത്തും

തിരുവനന്തപുരം : ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനില്‍ ഇന്ദുജ(25)യുടെ മൃതശരീരത്തിലാണ് മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ മൃതദേഹം ശനിയാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍ത്താവ് ഇളവട്ടം സ്വദേശി അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയുമായി അഭിജിത്ത് രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. മൂന്നുമാസം മുന്‍പ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍നിന്നു വിളിച്ചിറക്കി അമ്പലത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അഭിജിത്തിനു കാര്യമായ ബന്ധമില്ലായിരുന്നു. എന്നാല്‍ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിക്കുമായിരുന്നു. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്.

ഇന്ദുജയെ കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. അഭിജിത്തിന്റെ കുടുംബത്തെയാണ് സംഭവത്തില്‍ സംശയമുള്ളതെന്നും കഴിഞ്ഞയാഴ്ച മകള്‍ വന്നപ്പോള്‍ ദേഹത്ത് മുറിവുകള്‍ കണ്ടിരുന്നതായും പിതാവ് പറഞ്ഞു.

വിവാഹത്തിന് ശേഷം ഇന്ദുജ സ്വന്തം വീട്ടില്‍ വരുന്നത് പോലും അഭിജിത്ത് തടഞ്ഞിരുന്നതായി സഹോദരന്‍ ഷിനുവും ആരോപിച്ചു. ഭര്‍തൃവീട്ടില്‍ പ്രശ്‌നമാണെന്ന് ഇന്ദുജ പറഞ്ഞിരുന്നു. എന്ത് പ്രശ്‌നമാണെങ്കിലും പറഞ്ഞോ പരിഹാരം കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, എന്താണെന്ന് അവള്‍ പറഞ്ഞില്ല. അവളുടെ സംസാരം കേട്ടപ്പോഴെ സീരിയസ് ആയിട്ടുള്ള എന്തോ കാര്യമാണെന്ന് തോന്നിയിരുന്നു. മര്‍ദിച്ചോയെന്ന് ചോദിച്ചപ്പോള്‍ അവള്‍ കള്ളം പറഞ്ഞു. ബസ്സില്‍ കയറിയപ്പോള്‍ തട്ടിയ മുറിവാണെന്നാണ് അന്ന് പറഞ്ഞത്. എന്ത് പ്രശ്‌നമായാലും തന്നോട് പറയും. വീട്ടില്‍നിന്ന് പോയിട്ട് നാലുമാസമേ ആകുന്നുള്ളൂ. അഭിജിത്തിന്റെ വീട്ടുകാര്‍ കുഴപ്പമാണ്. അവരെ സംശയമുണ്ട്. ഇതിനെക്കാളും വലിയ പ്രശ്‌നം മറികടന്നവളാണ് സഹോദരിയെന്നും ഒരുകാരണവശാലും സഹോദരി ആത്മഹത്യചെയ്യില്ലെന്നും സഹോദരന്‍ ഷിനു പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)