സാം പിത്രോദ
ന്യൂഡല്‍ഹി : തന്റെ ഫോണും ലാപ്‌ടോപ്പും ഹാക്ക് ചെയ്യപ്പെട്ടതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ സാം പിത്രോദ. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ തുടര്‍ച്ചയായി ഫോണും ലാപ്‌ടോപ്പുമടക്കമുള്ളവ ഹാക്ക് ചെയ്യപ്പെടുന്നതായും സാം പിത്രോദ വ്യക്തമാക്കി. പതിനായിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയാണ് ഹാക്കര്‍മാര്‍ പകരമായി ആവശ്യപ്പെടുന്നത്.
സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന ഒരു ഇ-മെയിലും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് സാം പിത്രോദ അയച്ചിട്ടുണ്ട്. “പതിനായിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയാണ് ഹാക്കര്‍മാര്‍ പകരമായി ആവശ്യപ്പെടുന്നത്. തുക അടച്ചില്ലെങ്കില്‍ എന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നാണ് അവര്‍ ഭീഷണിപ്പെടുത്തുന്നത്”, ഇ-മെയിലില്‍ സാം പിത്രോദ വിശദീകരിച്ചു.
തന്റെ ഫോണില്‍ നിന്നോ മെയിലില്‍ നിന്നോ വരുന്ന സന്ദേശങ്ങള്‍ തുറക്കരുതെന്ന മുന്നറിയിപ്പും സാം പിത്രോദ നല്‍കി. ഇത്തരം മെയിലില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്കോ ഫോണില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്കോ നിങ്ങളുടെ ഫോണിനെ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതായും മുന്നറിയിപ്പ് സന്ദേശത്തിലൂടെ സാം പിത്രോദ വ്യക്തമാക്കി.
