പ്രതീകാത്മക ചിത്രം

ബെംഗുളൂരു : കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.57 കോടി രൂപയും ആഭരണങ്ങളും ആഡംബര വാഹനവും. ഇരുപതുകാരിയുടെ പരാതിയില്‍ കാമുകന്‍ മോഹന്‍ കുമാറിനെ ബെംഗുളൂരു പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയും മോഹന്‍ കുമാറും ബോഡിങ് സ്‌കൂളില്‍വെച്ചാണ് കണ്ടുമുട്ടിയത്. ഇരുവരും സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലിന് ശേഷമാണ് ഇരുവരും പ്രണയിതാക്കളായത്. മോഹന്‍ കുമാര്‍ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ധാരാളം യാത്രചെയ്തിരുന്നു. ഈ സന്ദര്‍ഭങ്ങളിലാണ് പ്രതി യുവതിയുമൊത്തുള്ള സൗകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിക്ക് നേരെ ഭീഷണകളുയര്‍ത്തുകയായിരുന്നു.

താന്‍ ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങളെല്ലാം പുറത്തുവിടുമെന്ന് പറഞ്ഞാണ് യുവാവ് ഭീഷണി മുഴക്കിയത്. ഇതില്‍ ഭയന്ന യുവതി മുത്തച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആരുമറിയാതെ 1.25 കോടി രൂപ പിന്‍വലിച്ച് മോഹന്‍ കുമാര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് അയച്ചു. ഭീഷണികള്‍ തുടര്‍ന്നപ്പോള്‍ പലപ്പോഴായി 1.32 കോടി രൂപ യുവതി പ്രതിക്ക് കൈമാറി.

മോഹന്‍ കുമാര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇതേതുടര്‍ന്ന് വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും യുവതി പ്രതിക്ക് നല്‍കി. ഇതിലൊന്നും നിര്‍ത്താതെ കൂടുതല്‍ ആവശ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ യുവതി ധൈര്യം സംഭരിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മോഹന്‍ കുമാറിന്റേത് ഒരു ആസൂത്രിത കുറ്റകൃത്യമായിരുന്നെന്നും 2.57 കോടിരൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നും ബെംഗുളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ് പറഞ്ഞു. ഇതില്‍ 80 ലക്ഷം രൂപ കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു.