നടൻ സിദ്ദീഖ്
തിരുവനന്തപുരം : യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ സിദ്ദിഖിന്റെ അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ഒപ്പം ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
സിദ്ദിഖിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്ബുക്കിലൂടെയാണ്. യുവതിയുടെ അഭിനയ മോഹം ചൂഷണം ചെയ്ത് മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല, മൊഴികളില്‍ വൈരുദ്ധ്യമുണ്ട് തുടങ്ങിയ കാര്യങ്ങളും പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്.
ബലാത്സംഗ കേസില്‍ സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളടക്കം പരിഗണിച്ചുകൊണ്ടാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്.
